ഡാലസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് സമനില. ലയണൽ മെസി ഗോൾ നേടിയ മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയനുമായി 2-2നാണ് മയാമി പിരിഞ്ഞത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ താരങ്ങൾ ഏറ്റുമുട്ടിയതോടെ ഇരു ടീമുകളിലെയും ഓരോരുത്തർക്ക് വീതം ചുവപ്പ് കാർഡ് ലഭിച്ചു.
ഇന്റർ മയാമിയുടെ യാനിക് ബ്രൈറ്റിനും ഫിലാഡെൽഫിയയുടെ കാവൻ സള്ളിവനുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഫിലാഡെൽഫിയയായിരുന്നു. 11-ാം മിനിറ്റിൽ ഇന്ത്യാന വാസിലേവാണ് ആതിഥേയർക്കായി ഗോൾ നേടിയത്. എന്നാൽ 21-ാം മിനിറ്റിൽ ഡാനിയേൽ പിന്ററിലൂടെ മയാമി സമനില പിടിച്ചു. മെസി തുടങ്ങിയ നീക്കത്തിനൊടുവിലാണ് ഗോൾ പിറന്നത്.
26-ാം മിനിറ്റിൽ മെസി തന്നെ മയാമിയെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ മറികടന്ന് ഇടംകാൽ ഷോട്ടിലൂടെയാണ് അർജന്റീന സൂപ്പർതാരം വലകുലുക്കിയത്. ഇതോടെ ആദ്യ പകുതി 2-1ന് മയാമിയുടെ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ സമനില ലക്ഷ്യമിട്ട് ഫിലാഡെൽഫിയ ആക്രമണം ശക്തമാക്കി.
58-ാം മിനിറ്റിൽ നീൽ പിയറിലൂടെ അവർ ലക്ഷ്യം കണ്ടു. തുടർന്ന് വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഫിലാഡെൽഫിയ പിന്നീട് വലകുലുക്കിയെങ്കിലും ഓഫ്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് ഗോൾ അനുവദിച്ചില്ല. മത്സരം അവസാനിക്കാനിരിക്കേ ഇഞ്ചുറി ടൈമിൽ ഇരുടീമിലെയും കളിക്കാർ ഏറ്റുമുട്ടി.
ഫിലാഡെൽഫിയ നടത്തിയ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ഫിലാഡെൽഫിയയുടെ കവാൻ സുള്ളിവാനും മയാമിയുടെ യാനിക് ബ്രൈറ്റും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.